കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം ............. ബ്ലോക്ക് തല കേരളോത്സവം നവംബർ മാസം ആരംഭിക്കുന്നു
സ്ഥാപന ചരിത്രം

 
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നടന്നത് 1964 ൽ ആണ്. അന്നത്തെ ജില്ലാ കളക്ടർ ആയിരുന്ന ശ്രീ പി പി ഗോപാലൻ നായർ ആണ് ശിലാസ്ഥാപന  കർമ്മം നിർവഹിച്ചത്. 
 
 
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്
എറണാകുളം ജില്ലയിലെ ഗ്രാമീണ വികസന പ്രവർത്തനങ്ങൾ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലും ഏകോപനത്തിലുമാണ് പ്രധാനമായും നടപ്പാക്കുന്നത്. കേരളത്തിലെ പഞ്ചായത്തിരാജ് സംവിധാനത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്ത്, അതിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വവും പിന്തുണയും നൽകുന്നു.

ഒക്കൽ 

സാമൂഹ്യസാംസ്കാരികചരിത്രം

മുന്‍കാലങ്ങളില്‍ പെരിയാര്‍ നദി ഒഴുകിയിരുന്നത് മുട്ടുതുറ, കൊട്ടുതുറ, കൊടുവേലിത്തുറ എന്നിവിടങ്ങളിലൂടെയായിരുന്നു. പുരാതനകാലത്തെ പ്രധാന ജലഗതാഗത കേന്ദ്രങ്ങളായിരുന്നതിനാലാവാം പ്രസ്തുത സ്ഥലനാമങ്ങളോടൊപ്പം “തുറ” എന്ന പ്രയോഗവും ചേര്‍ന്നുവരുന്നത്. എന്നാ ഒരിക്കല്‍ പുഴ വഴിമാറി ഒഴുകി താന്നിപ്പുഴ വഴിയായി. പുഴയ്ക്കു മറുകര കടക്കാന്‍, പുഴയുടെ കുറുകെ കിടന്നിരുന്ന താന്നിമരം ഉപയോഗിച്ചതിനാല്‍ അത് താന്നിപ്പുഴയായി പിന്നീട് അറിയപ്പെട്ടു. പുഴ വഴിമാറി ഒഴുകിയപ്പോള്‍, എക്കല്‍മണ്ണ് അടിഞ്ഞ് രൂപപ്പെട്ട തുരുത്താണ് ഇപ്പോള്‍ “ഒക്കല്‍” എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശം. ആദ്യകാലത്ത് “എക്കല്‍” എന്ന പേരിലായിരുന്നു ഇവിടം അറിയപ്പെട്ടുതുടങ്ങിയതെങ്കിലും, കാലക്രമേണ “ഒക്കല്‍” എന്ന് രൂപഭേദം സംഭവിക്കുകയായിരുന്നു. തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശമുള്‍പ്പെട്ട കൂവപ്പടി, ആദ്യം കോട്ടയം ജില്ലയിലും, തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ തൃശൂര്‍ ജില്ലയിലും ഉള്‍പ്പെടുകയുണ്ടായി. എന്നാല്‍, കേരളപ്പിറവിക്കുശേഷം ഇവിടം എറണാകുളം ജില്ലയുടെ ഭാഗമാവുകയാണുണ്ടായത്. കേരളത്തിലെ പ്രധാന നദികളിലൊന്നായ പെരിയാറിന്റെ സാമീപ്യം “ഒക്കല്‍ തുരുത്ത്” എന്ന് വിളിക്കപ്പെടുന്ന ഈ ഗ്രാമത്തെ ഫലഭൂയിഷ്ഠവും ജലസമൃദ്ധവുമാക്കുന്നു. സംസ്കൃത സര്‍വ്വകലാശാലയും, ശ്രീ ശങ്കരാചാര്യരുടെ ജന്‍മസ്ഥലമായ കാലടിയും, പ്രസിദ്ധമായ മലയാറ്റൂര്‍ കിരുശുമുടിയും പെരിയാറിന്റെ മറുകരയിലാണ്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കേരളത്തിലെ ഏക ധന്വന്തരീക്ഷേത്രമായ തോട്ടുവ ശ്രീധന്വന്തരീക്ഷേത്രം എന്നിവയൊക്കെ ഈ ഗ്രാമത്തിന്റെ അയല്‍പക്കങ്ങളില്‍ സ്ഥിതിചെയ്യുന്നു. പണ്ട് കാലത്ത് കൂവപ്പടി പ്രദേശത്ത്, ഇപ്പോഴത്തെ ഗണപതിവിലാസം ഹൈസ്കൂളിനടുത്തായി കൂവേലി മഠം എന്ന ഒരു ജന്‍മി കുടുംബം ഉണ്ടായിരുന്നു എന്നും നാട്ടുകാര്‍ തങ്ങളുടെ ആവലാതികളും മറ്റും അവരുടെ അടുത്ത് പറഞ്ഞ് പരിഹാരങ്ങള്‍ കണ്ടെത്തിയിരുന്നു എന്നും അങ്ങിനെ ആ കുടുംബക്കാരുടെ പടിയായ “കൂവേലിപ്പടി” ലോപിച്ചാണ് കൂവപ്പടി ആയതെന്നുമാണ് ചരിത്രം. 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ ഈ പ്രദേശത്തെ ഭൂസ്വത്തുക്കള്‍ മുഴുവന്‍ വിവിധ ദേവസ്വങ്ങളും, മനകളും, മറ്റു സവര്‍ണ്ണജന്മിമാരും കൈയ്യടക്കിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ സംഘടിത പ്രവര്‍ത്തനങ്ങള്‍ വഴിയും, ഭൂപരിഷ്കരണനിയമങ്ങള്‍ മൂലവും ഭൂവുടമാ സമ്പ്രദായത്തില്‍ സംസ്ഥാനത്ത് വന്ന മാറ്റം ഇവിടെയും പ്രകടമായി. ഭൂമിയുടെ ഉടമസ്ഥാവകാശം ചെറുകിട കര്‍ഷകരുടെ കൈവശം വന്നുചേര്‍ന്നു. ജാതീയമായ ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്ന ഇവിടെ അതിനു മാറ്റം വരുത്തുന്നതിന് ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ വളരെ സഹായിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ശ്രീനാരായണഗുരു നേരിട്ട് വന്ന് ഒരു ദിവസം താമസിച്ച് സ്ഥാപിച്ചതാണ് ഇവിടെയടുത്തുള്ള ശ്രീ ശങ്കരനാരായണ ക്ഷേത്രം. വമ്പിച്ച മിച്ചഭൂമി സമരം നടന്നിട്ടുള്ള പ്രദേശമാണിത്. ഒക്കല്‍തുരുത്ത് എന്ന സ്ഥലം ആദ്യകാല കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളുടെ പ്രധാനപ്പെട്ട ഒരു ഒളി സങ്കേതമായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ധാരാളം കരിമ്പുകൃഷി ഉണ്ടായിരുന്ന ഈ പ്രദേശത്ത് പിന്നീട് പ്രധാനകൃഷി നെല്ലായി മാറി. റബ്ബര്‍, ഇഞ്ചി, തെങ്ങ്, വാഴ, കപ്പ തുടങ്ങിയവയാണ് മറ്റു പ്രധാന കൃഷികള്‍.  തീരപ്രദേശങ്ങളില്‍ ജാതികൃഷി വ്യാപകമായിട്ടുണ്ട്. പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലസ്രോതസ്സ് പെരിയാര്‍ നദിയാണ്. ഒരു കാലത്ത് കൊയ്ത്തുപാട്ടിന്റെയും, തിരുവാതിര കളിയുടെയും, പരിചമുട്ടിന്റെയും, ചിന്തുപാട്ടിന്റെയും, തൊപ്പിക്കുട, തുള്ളല്‍ തുടങ്ങിയ മറ്റു നാടന്‍ കലാരൂപങ്ങളുടെയും ഈണവും താളവും മുഴങ്ങി കേട്ടിരുന്ന ഒരു ഗ്രാമമായിരുന്നു ഈ പ്രദേശം. പഞ്ചായത്തിലും തൊട്ടടുത്ത പ്രദേശങ്ങളിലുമായി ഏതാണ്ട് 27-ഓളം ഹൈന്ദവ ക്ഷേത്രങ്ങളും  13 ക്രിസ്ത്യന്‍ പള്ളികളും 5 മുസ്ളീം ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നു. ഇവയോടനുബന്ധിച്ച് വര്‍ഷംതോറും നടത്തിവരുന്ന ഉത്സവങ്ങള്‍, തിരുനാളുകള്‍ മുതലായ ആഘോഷങ്ങളില്‍ ജാതിമതഭേദമെന്യേ എല്ലാവരും പങ്കുകൊള്ളുന്നുണ്ട്. ദക്ഷിണകാശി എന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഈ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. വളരെ പ്രസിദ്ധങ്ങളായ  ഈ ക്ഷേത്രങ്ങള്‍ പഞ്ചായത്തിന്റെ സാംസ്ക്കാരിക പൈതൃകവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ആദ്യകാലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവുമൂലം വളരെയധികം ആളുകള്‍ നിരക്ഷരരായിരുന്നു. അക്കാലത്ത് നിലത്തെഴുത്താശാന്‍മാരുടെ സേവനം മാത്രമാണ് ലഭ്യമായിരുന്നത്. ഈ പ്രദേശത്ത് ആദ്യമായി സ്ഥാപിച്ച വിദ്യാലയം ചേരാനല്ലൂര്‍ വെര്‍ണക്കുലര്‍ പ്രൈമറി സ്കൂള്‍ ആണ്. ചേലാമറ്റം ശ്രീ കൃഷ്ണ സ്വാമിക്ഷേത്രം ഉള്‍പ്പെടെ മൂന്ന് ക്ഷേത്രങ്ങളും, മൂന്ന് ക്രിസ്ത്യന്‍ പള്ളികളും, മുന്ന് മുസ്ളീം ദേവാലയങ്ങളുമാണ് പഞ്ചായത്തിനുള്ളില്‍  സ്ഥിതി ചെയ്യുന്നത്. തൈപൂയ മഹോത്സവം, പെരുന്നാള്‍ എന്നിവ പ്രധാന ആഘോഷങ്ങളാണ്. ആരോഗ്യ പരിചരണരംഗത്ത് കരുത്ത് പകര്‍ന്ന് പ്രാഥമിക ആരോഗ്യകേന്ദ്രം ഉള്‍പ്പെടെ അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി വിഭാഗങ്ങളിലായി ഏഴ് ആശുപത്രികള്‍ സ്ഥിതി ചെയ്യുന്നു. സ്വകാര്യ മേഖലയിലെ മൂന്നു സ്കൂളുകള്‍, സര്‍ക്കാര്‍മേഖലയിലെ ഒരു സ്കൂള്‍, ശ്രീനാരായണ ബി.എഡ് കോളേജ്, ശ്രീ നാരായണ ഐ.റ്റി.സി എന്നിവയാണ് വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍. തിരുവനന്തപുരം-അങ്കമാലി എം.സി. റോഡ് ഒക്കല്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്നു.

കൂവപ്പടി 

പ്രാദേശിക ചരിത്രം

പണ്ട് കാലത്ത് ഈ പ്രദേശത്ത് (ഇപ്പോഴത്തെ ഗണപതി വിലാസം ഹൈസ്കൂളിനടുത്തായി) കൂവേലി മഠം എന്ന ഒരു ജന്മി കുടുംബം ഉണ്ടായിരുന്നു എന്നും നാട്ടുകാര്‍ തങ്ങളുടെ ആവലാതികളും മറ്റും അവരുടെ അടുത്ത് പറഞ്ഞ് പരിഹാരങ്ങള്‍ കണ്ടെത്തിയിരുന്നു എന്നും അങ്ങിനെ ആ കുടുംബക്കാരുടെ പടിയായ കൂവേലിപ്പടി ലോപിച്ചാണ് കൂവപ്പടി ആയതെന്നുമാണ് ചരിത്രം. പിന്നീട് അതേ പേരുതന്നെ പഞ്ചായത്തിനും നല്കുപകയാണുണ്ടായത്. നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഈ പ്രദേശത്തെ ഭൂസ്വത്തുക്കള്‍ വിവിധ ദേവസ്വങ്ങളുടെയും, മനകളുടെയും, മറ്റു മുന്നോക്കവിഭാഗം ജന്മിമാരുടെയും വകയായിരുന്നു. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ സംഘടിത പ്രവര്ത്ത നങ്ങള്‍ വഴി ഭൂവുടമ സമ്പ്രദായത്തില്‍ സംസ്ഥാനത്ത് വന്ന മാറ്റം ഇവിടെയും പ്രകടമായി. ഭൂമിയുടെ ഉടമസ്ഥാവകാശം ചെറുകിട കര്ഷരകരുടെ കൈവശം വന്നുചേര്ന്നു്. ജാതീയമായ ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്ന ഇവിടെ അതിന് മാറ്റം വരുത്തുന്നതിന് ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ വളരെ സഹായിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ശ്രീനാരായണഗുരു നേരിട്ട് വന്ന് ഒരു ദിവസം താമസിച്ച് സ്ഥാപിച്ചതാണ് ശ്രീ ശങ്കരനാരായണ ക്ഷേത്രം. ഇവിടുത്തെ ഭൂപ്രകൃതി കുന്നും, ചെരിവും, സമതലവും ചേര്ന്നചതാണ്. 70 ശതമാനത്തോളം സമതലമാണ്. കുന്നക്കാട്ടുമല, മയിലാടുംകുന്ന്, കയ്യുത്തിയാല്‍ എന്നീ പ്രദേശങ്ങള്‍ കുന്നിന്‍ പ്രദേശങ്ങളാണ്. നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ധാരാളം കരിമ്പുകൃഷി ഉണ്ടായിരുന്ന ഈ പ്രദേശത്തെ പ്രധാനകൃഷി പിന്നീട് നെല്ലായിരുന്നു. റബ്ബര്‍, ഇഞ്ചി, തെങ്ങ്, വാഴ, കപ്പ തുടങ്ങിയവയാണ് മറ്റു പ്രധാന കൃഷികള്‍. തീരപ്രദേശങ്ങളില്‍ ജാതികൃഷി വ്യാപകമായിട്ടുണ്ട്. പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലസ്രോതസ്സ് പെരിയാര്‍ നദിയാണ്. ഏഴ് വാര്ഡുയകളുടെ വടക്കെ അതിരും, രണ്ട് വാര്ഡു കളുടെ പടിഞ്ഞാറെ അതിരും തൊട്ടുരുമ്മിക്കൊണ്ടാണ് ഈ നദി ഒഴുകുന്നത്. പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന ഈ നദി ഒന്നാം വാര്ഡിാല്‍ ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരം കിഴക്കോട്ടൊഴുകുന്നത് ഒരു പ്രത്യേകതയാണ്.

സാംസ്ക്കാരികചരിത്രം

ഒരു കാലത്ത് കൊയ്ത്തുപാട്ടിന്റെയും, തിരുവാതിര കളിയുടെയും പരിചമുട്ടിന്റെയും ചിന്തുപാട്ടിന്റെയും, തൊപ്പിക്കുട തുള്ളല്‍ തുടങ്ങിയ മറ്റു നാടന്‍ കലാരൂപങ്ങളുടെയും ഈണവും താളവും മുഴങ്ങി കേട്ടിരുന്ന ഒരു ഗ്രാമമായിരുന്നു കൂവപ്പടി പഞ്ചായത്ത് ഉള്ക്കൊയള്ളുന്ന പ്രദേശം. പഞ്ചായത്തില്‍ ഏതാണ്ട് 27-ഓളം ഹൈന്ദവ ക്ഷേത്രങ്ങളും 13 ക്രിസ്ത്യന്‍ പള്ളികളും 5 മുസ്ലിം ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നു. ഇവയോടനുബന്ധിച്ച് വര്ഷംേതോറും നടത്തിവരുന്ന ഉത്സവങ്ങള്‍, തിരുനാളുകള്‍ മുതലായ ആഘോഷങ്ങളില്‍ ജാതിമതഭേദമെന്യേ എല്ലാവരും പങ്കുകൊള്ളുന്നുണ്ട്. വളരെ വിപുലമായ രീതിയില്‍ തന്നെ ഇവ ആഘോഷിക്കപ്പെടുന്നുമുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോള്‍ 37-ഓളം ചെറുതും വലുതുമായ ആര്‍ട്സ്&സ്പോര്‍ട്സ് ക്ലബ്ബുകള്‍ ഉണ്ട്. കേരളത്തിലെ ആകെയുള്ള മൂന്നു ആന പരിശീലനകേന്ദ്രങ്ങളില്‍ ഒരെണ്ണം ഈ പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. സ്വദേശികളും വിദേശികളുമായ നിരവധി ടൂറിസ്റ്റുകളെ ആകര്‍ഷി ച്ചു വരുന്ന ഒന്നാണ് ഈ സ്ഥാപനം. ഇടവൂരില്‍ സ്ഥിതിചെയ്യുന്ന ശ്രീശങ്കരനാരായണ ക്ഷേത്രം ശ്രീനാരായണ ഗുരുവിന്റെ സാമീപ്യം കൊണ്ട് പ്രസിദ്ധിയാര്ജിവച്ചിട്ടുള്ളതാണ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ നന്ദി പ്രതിമ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഐമുറി ശിവക്ഷേത്രം ഈ പഞ്ചായത്തില്‍ ആണ്. കേരളത്തിലെ ഒരേയൊരു ധന്വന്തരീക്ഷേത്രം ഈ പഞ്ചായത്തിലെ തോട്ടുവ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. ഏതാണ്ട് ആയിരവര്‍ഷത്തോളം ഐതിഹ്യങ്ങള്‍ തന്നെ ഉള്ള കൂവപ്പടി പുല്ലംവേലി ഭഗവതി ക്ഷേത്രം ഗ്രാമീണ ഭംഗി നിലനിര്‍ത്തു ന്ന കാവുകളില്‍ ഒന്നാണ്. വളരെ പ്രസിദ്ധങ്ങളായ ഈ ക്ഷേത്രങ്ങള്‍ പഞ്ചായത്തിന്റെ സാംസ്ക്കാരിക പൈതൃകവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ആദ്യകാലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവുമൂലം വളരെയധികം ആളുകള്‍ നിരക്ഷരരായിരുന്നു. അക്കാലത്ത് നിലത്തെഴുത്താശാന്മാരുടെ സേവനം മാത്രമാണ് ലഭ്യമായിരുന്നത്. ഈ പ്രദേശത്ത് ആദ്യമായി സ്ഥാപിച്ച വിദ്യാലയം ചേരാനല്ലൂര്‍ വെര്‍ണെക്കുലര്‍ പ്രൈമറി സ്കൂള്‍ ആണ്. സാങ്കേതിക വിദ്യാഭ്യാസരംഗത്ത് എറണാകുളം ജില്ലയില്‍ ആദ്യത്തെ ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ കൂവപ്പടിയിലാണ് ആരംഭിച്ചത്.

വേങ്ങൂർ 

ചരിത്രം

വനപ്രദേശമായിരുന്ന വേങ്ങൂര്‍ ഗ്രാമത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെതന്നെ ഒട്ടുമിക്ക പ്രദേശങ്ങളിലും കൃഷി വ്യാപിച്ചിരുന്നു. കുന്നിന്‍പ്രദേശങ്ങളുടെ ഇടയ്ക്കുള്ള ചാല്‍ പ്രദേശങ്ങളും വെള്ളച്ചാലുകളും പാടശേഖരങ്ങളായി മാറ്റുകയും പാടശേഖരങ്ങളുടെ ഇരുകരകളിലുള്ള പ്രദേശങ്ങള്‍ മാലിക്കണ്ടങ്ങളായി അടിച്ചുനിരത്തുകയും കുളങ്ങള്‍ കുഴിച്ച് തിലാവ് കെട്ടി തേകി ഇരുപ്പൂനിലങ്ങളാക്കി കൃഷി ചെയ്തുപോന്നിരുന്നു. കുന്നിന്‍പ്രദേശങ്ങളിലും ചെരിവുപ്രദേശങ്ങളിലും കൊണ്ടല്‍ കൃഷിയും കശുമാവുകൃഷിയും അന്ന് വ്യാപകമായിരുന്നു. നെല്ല് കൃഷി ചെയ്തിരുന്ന മാലിപ്പടവുകളും നിരപ്പു കരഭൂമികളും പിന്നീട് ഇഞ്ചിപ്പുല്‍കൃഷി പിടിച്ചടക്കി. ദേശീയ കമ്പോളത്തില്‍ ഈ പഞ്ചായത്തിലെ സിട്രോള്‍ കൂടിയ പുല്‍തൈലത്തിന് ഡിമാന്റ് വന്നതോടുകൂടി ഈ കൃഷി വ്യാപകമായി. മഹാഭാരതം കഥയിലെ ബകന്‍ എന്ന രാക്ഷസനുമായി ബന്ധപ്പെട്ട ഐതിഹ്യമാണ്  പെരിയാറിന്റെ കൈവഴികളാല്‍ ചുറ്റപ്പെട്ട ഈ ഗ്രാമത്തിലെ വെമ്പൂരത്തിനുള്ളത്.  42 ഇല്ലക്കാര്‍ താമസിച്ച ഭവനങ്ങളുടേയും ക്ഷേത്രങ്ങളുടേയും അവശിഷ്ടങ്ങള്‍ അവിടെ ഇന്നും ദൃശ്യമാണ്.  മുനികള്‍ താമസിച്ചിരുന്ന അറകള്‍ ഇപ്പോഴും നിലനില്‍ക്കുന്നത് മുനിപ്പാറയുടെ പ്രത്യേകതയാണ്.  48.01 ച.കി.മീ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തില്‍ കോട്ടപ്പാറയും പെരിയാറിന്റെ വടക്കു ഭാഗത്ത്  അതിരപ്പള്ളി വാഴച്ചാല്‍ വരെ വിസ്തൃതമായ വനപ്രദേശവും ഈ പഞ്ചായത്തിന്റെ പ്രത്യേകതയാണ്. സവര്‍ണ്ണ മേധാവിത്വവും ഫ്യൂഡല്‍ ജന്‍മിത്വവും കൊടികുത്തി വാണിരുന്ന വേങ്ങൂര്‍ ഗ്രാമത്തിന്റെ സാമൂഹിക സാംസ്ക്കാരിക ഘടനയില്‍ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിച്ചു. ഹിന്ദുമതത്തിലെ ജാതികളും ഉപജാതികളും  ക്രിസ്തീയമതത്തിലെ വിവിധ വിഭാഗങ്ങളും ചേര്‍ന്നതാണ് വേങ്ങൂര്‍ ഗ്രാമത്തിലെ ജനവിഭാഗം. ഓരോ വിഭാഗത്തിനും അവരവരുടെ തനതായ ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ടെങ്കിലും ഐക്യത്തോടെ കഴിഞ്ഞുപോരുന്നു.  ഗ്രാമീണജനതയില്‍ ഭൂരിഭാഗവും ചെറുകിട നാമമാത്ര കൃഷിക്കാരും കര്‍ഷക ത്തൊഴിലാളികളുമായിരുന്നു. ഭൂമി ജന്‍മിമാരുടേയും ദേവസ്വത്തിന്റെയും പാട്ടവാര വ്യവസ്ഥയില്‍ ഏറ്റെടുത്ത് കൃഷി ചെയ്തുപോന്നവരില്‍ പലര്‍ക്കും ഒരു തുണ്ടു ഭൂമി പോലും  സ്വന്തമായിട്ടില്ലായിരുന്നു. എന്നാല്‍ 1957-മുതല്‍ 71 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തില്‍ രൂപം കൊണ്ട ഭൂപരിഷ്കരണ നിയമങ്ങളുടെ ഫലമായി ഒട്ടേറെ ഭൂരഹിതകുടിയാന്‍മാര്‍ക്ക് ഭൂമി സ്വന്തമായി ലഭിച്ചു. തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ കീഴിലായിരുന്ന വേങ്ങൂര്‍ ഗ്രാമത്തില്‍ 1939-മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച പുരോഗതി ഉണ്ടാവുകയും ചെയ്തു. പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി പോങ്ങന്‍ചുവട് കോളനി ഉള്‍പ്പെടെ മുഴുവന്‍ പേരും സാക്ഷരരാണ്.

രായമംഗലം 

ചരിത്രം

പഞ്ചായത്തിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ പൊതുവെ ഉയര്‍ന്ന പ്രദേശമാണ്. പെരിയാറിന്റെയും, മൂവാറ്റുപുഴയാറിന്റെയും ഇടയിലാണ് പഞ്ചായത്തിന്റെ സ്ഥാനം. പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ ഹൈലവല്‍ക്കനാലും മെയിന്‍കനാലും പഞ്ചായത്തിലൂടെ കടന്നുപോകുന്നതിനാല്‍ നെല്‍പ്പാടങ്ങള്‍ ഭൂരിഭാഗവും മൂന്ന്പൂ കൃഷിക്ക് അനുയോജ്യമായിരുന്നു. നെല്‍ കൃഷിയായിരുന്നു പഞ്ചായത്തിലെ ജനങ്ങളുടെ മുഖ്യതൊഴില്‍. നെല്ല്, തെങ്ങ്, റബ്ബര്‍ എന്നിവയാണ് മറ്റു പ്രധാന കൃഷികള്‍. പണ്ട് കാലത്ത് പുല്‍തൈലം, ഇഞ്ചി എന്നിവയുടെ പ്രധാന വിപണനകേന്ദ്രമായിരുന്നു പഞ്ചായത്തിന്റെ വടക്കനതിര്‍ത്തിയിലുള്ള കുറുപ്പംപടി ടൌണ്‍. എം.സി.റോഡും, ആലുവ-മൂന്നാര്‍ റോഡുമാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകള്‍. ദേശീയ പ്രസ്ഥാനത്തിന്റെയും, കര്‍ഷക പ്രസ്ഥാനത്തിന്റെയും, പ്രവര്‍ത്തനങ്ങള്‍ തുടക്കത്തില്‍ തന്നെ പഞ്ചായത്തുപ്രദേശത്തും നടന്നിരുന്നു. ജാതി ചിന്തയ്ക്കും, അനാചാരങ്ങള്‍ക്കും, അയിത്താചരണത്തിനും എതിരായുള്ള നവോത്ഥാന പ്രസ്ഥാനവും ഈ പഞ്ചായത്തില്‍ ശക്തിയാര്‍ജ്ജിച്ചിരുന്നു. ഈ രംഗത്ത് പി.കെ.പി.നമ്പൂതിരിയുടെ നേതൃത്വത്തില്‍ സവര്‍ണ്ണരും, അവര്‍ണ്ണരും ഒരുമിച്ച് നടത്തിയ മിശ്രഭോജനം എടുത്തു പറയേണ്ടതാണ്. പഞ്ചായത്തിനുള്ളിലെ ആദ്യ വിദ്യാലയം 1890-ല്‍ കീഴില്ലത്താരംഭിച്ച എല്‍.പി സ്ക്കൂളിലാണ്. 30 കളിലും 40 കളിലും കേരളമെങ്ങും ശക്തിയാര്‍ജ്ജിച്ച സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും, കര്‍ഷക പ്രസ്ഥാനത്തിനും, പഞ്ചായത്തില്‍ ആഴത്തില്‍ വേരോട്ടമുണ്ടായിരുന്നു. അതോടൊപ്പം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങളും. ഭൂപരിഷ്ക്കരണം നടപ്പിലാക്കുന്നതിന് മുമ്പ് കുറെ ജന്മിമാരുടെ കൈവശമായിരുന്നു ഭൂമിയെല്ലാം. ഭൂപരിഷ്ക്കരണം നടപ്പിലായതോടെ, ഏകദേശം മൂവ്വായിരത്തോളം കുടുുംബക്കാര്‍ ഭൂവുടമകളായി മാറി. നെല്ല് പോലെയുള്ള ഹ്രസ്വകാല വിളകള്‍ക്ക് പകരം തെങ്ങ് ഉള്‍പ്പെടെയുള്ള ദീര്‍ഘകാല വിളകള്‍ പ്രാബല്യത്തില്‍ ആയതും ഭൂപരിഷ്ക്കരണത്തെ തുടര്‍ന്നായിരുന്നു. കാര്‍ഷിക സമ്പദ്ഘടന, നാണ്യവിളകളുടെ കൃഷി വര്‍ദ്ധിച്ചതിലൂടെ, കരുത്താര്‍ജ്ജിച്ചു. സ്വയം സമ്പൂര്‍ണ്ണവും പ്രബുദ്ധവുമായ ഒരു സാംസ്ക്കാരിക ഭൂതകാലം പഞ്ചായത്തിന് ഉണ്ടായിരുന്നു. ഐതീഹ്യങ്ങളിലൂടെയും ചിന്തകളിലൂടെയും നീളുന്ന ഈ ഭൂതകാല ചരിത്രത്തിന് ആയിരം കൊല്ലത്തിനപ്പുറം പഴക്കമില്ല. എങ്കിലും കല്ലില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രബുദ്ധസംസ്ക്കാരത്തിന്റെ പ്രഭാവലയത്തില്‍ പഞ്ചായത്തു പ്രദേശവും ഉള്‍പ്പെട്ടിരുന്നു. പ്രാചീന നാഗരികതയുടെ ലക്ഷണങ്ങളായ ചില ജാറകള്‍, ഭീമന്‍ കുടങ്ങള്‍ എന്നിവ പഞ്ചായത്തിലെ ചില ഭാഗങ്ങളില്‍ കാണപ്പെട്ടിരുന്നു. കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ കലാരൂപങ്ങളും അധ്വാനവുമായി നാഭീനാള ബന്ധമുണ്ടായിരുന്ന നാടന്‍പ്പാട്ടുകള്‍, ചിന്ത്, കോല്‍ക്കളി തുടങ്ങിയവയും ഇവയുടെ ശേഷിപ്പുകാരം കുറെയങ്കിലും പഞ്ചായത്തിലിന്നും നിലനില്‍ക്കുന്നു എന്നത് അഭിമാനകരമാണ്. 1000 വര്‍ഷത്തിലധികം പഴക്കം പറയപ്പെടുന്ന കുറേ കാവുകളും, ക്ഷേത്രങ്ങളും പഞ്ചായത്തിലുണ്ട്. പഞ്ചായത്തിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയമായ കുറുപ്പുംപടി മര്‍ത്തമറിയം പള്ളിക്ക് 350 വര്‍ഷം മുതല്‍ 750 വര്‍ഷം വരെ പഴക്കം അനുമാനിക്കപ്പെടുന്നു. മതപരമായ വിശ്വാസങ്ങള്‍ക്കപ്പുറത്ത് ക്രിസ്ത്യന്‍, ഹിന്ദു സമൂഹങ്ങള്‍ തമ്മില്‍ സജീവമായ സഹവര്‍ത്തിത്ത്വം നിലനിന്നിരുന്നു. കൂട്ടുമഠം ക്ഷേത്രവും കല്ലറയ്ക്കല്‍ കുടുംബവുമായുള്ള സഹവര്‍ത്തിത്ത്വം ഇതിന്റെ തുടര്‍ച്ചയാണ്. 1890-ല്‍ ഒരു പ്രാഥമിക വിദ്യാലയം കീഴില്ലത്താരംഭിച്ചു. ക്രൈസ്തവ മിഷ്യനറി പ്രവര്‍ത്തനത്തോടൊപ്പം 1922-ല്‍ കീഴില്ലത്ത് ഇംഗ്ളീഷ് സ്ക്കൂളും സ്ഥാപിക്കപ്പെട്ടു. സ്വാതന്ത്ര്യസമര കാലഘട്ടം പഞ്ചായത്തിലെ സാമൂഹ്യ സാംസ്ക്കാരിക ജിവിതത്തെ സജീവമാക്കി. പുല്ലുവഴി പബ്ളിക്ക് ലൈബ്രറി, വളയന്‍ചിറങ്ങര വി.എന്‍.കെ മെമ്മോറിയല്‍ ലൈബ്രറി എന്നിവ കേന്ദ്രീകരിച്ച് സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ആരംഭിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തനം, നിശാപാഠശാലകള്‍, വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക കലാസംഘടനാപ്രവര്‍ത്തനങ്ങള്‍ എന്നിവ സംയുക്തമായാണ് നടന്നിരുന്നത്. 

അശമന്നൂർ 

സാമൂഹ്യ-സാംസ്ക്കാരിക ചരിത്രം

സ്വതന്ത്ര്യത്തിനു മുന്‍പ് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്നു പ്രദേശങ്ങളും തമ്മില്‍ കാര്യമായി പരസ്പരബന്ധമില്ലാതെ കഴിയുകയായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂര്‍ വടക്ക് ആലങ്ങാട് മുതല്‍ തെക്ക് പറവൂര്‍ വരെ വളര്‍ന്നു. അതിനു മുന്‍പ് ഇന്നത്തെ തിരുവിതാംകൂര്‍ പ്രദേശം കൊല്ലം, കായംകുളം, അമ്പലപ്പുഴ തുടങ്ങിയ അനേകം കൊച്ചു കൊച്ചു നാടുവാഴികളുടേതായിരുന്നു. എ.ഡി.1100-ന് അടുത്ത് വെമ്പൊലിനാട് തെക്കുംകൂര്‍-വടക്കുംകൂര്‍ എന്ന് രണ്ട് ഭാഗമായി പിരിഞ്ഞു. തെക്കുംകൂറും വടക്കുംകൂറും മറ്റനേകം നാട്ടുരാജ്യങ്ങളും തിരുവിതാംകൂറിന്റെ ഭാഗമായി. അശമന്നൂര്‍ പഞ്ചായത്ത് പ്രദേശം വടക്കുംകൂറിലായിരുന്നു. അങ്ങിനെ ഒരുകാലത്ത് വടക്കുംകൂറുകാരും തുടര്‍ന്ന് തിരുവിതാംകൂറുകാരും പിന്നീട് തിരുകൊച്ചിക്കാരും ആയിരുന്ന അശമന്നൂര്‍ പഞ്ചായത്തുകാര്‍ കേരളീയരായി. മേതല, ഏക്കുന്നം, തലപ്പുഞ്ച, ചെറുകുന്നം, പുന്നയം, അശമന്നൂര്‍, പയ്യാല്‍, പനിച്ചയം, നൂലേലി, ഓടക്കാലി എന്നീ പ്രദേശങ്ങള്‍ അശമന്നൂര്‍ പഞ്ചായത്തിന്റെ പ്രധാനഭാഗങ്ങളാണ്. മേതല ഭാഗത്ത് അതിപുരാതനമായ കല്ലില്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഇന്ന് കേരളത്തില്‍ അവശേഷിച്ചിട്ടുള്ള അപൂര്‍വ്വം ശിലാക്ഷേത്രങ്ങളിലൊന്നാണ് കല്ലില്‍ ക്ഷേത്രം. പാറക്കെട്ടുകള്‍ക്കിടയില്‍ കല്ലുകൊണ്ട് നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമുള്ളതിനാല്‍ ചുറ്റുപാടുമുള്ള പ്രദേശം കല്ലില്‍ പ്രദേശമായി അറിയപ്പെടുന്നു. 35 മീറ്റര്‍ ഉയരമുള്ള ഒരു വലിയ പാറയുടെ അടിയിലുള്ള ഗുഹയിലാണ് ശ്രീകോവില്‍. ശ്രീകോവിലില്‍ പത്മാവതി ദേവിയുടേയും മഹാവീരജൈനന്റെയും പഞ്ചലോഹ നിര്‍മ്മിതമായ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു. മുകളിലത്തെ പാറയിലെ ഒരു വശത്ത് പാര്‍ശ്വനാഥ വിഗ്രഹം കൊത്തിയിട്ടുണ്ട്. ഈ പ്രാചീന ജൈനക്ഷേത്രത്തില്‍ ഇന്ന് ഹൈന്ദവ രീതിയിലുള്ള ആരാധനകളാണ് നടന്നുവരുന്നത്. പത്മാവതീദേവിയെ പാര്‍വ്വതീ ദേവിയായും മഹാവീരജൈനനെ ശിവനായും പാര്‍ശ്വനാഥനെ ബ്രഹ്മാവായും സങ്കല്‍പിച്ചു പൂജിച്ചുവരുന്നു. ധാരാളം ഭൂസ്വത്തുക്കുളുണ്ടായിരുന്ന ഈ ക്ഷേത്രത്തിന്റെ ഊരാണ്‍മസ്ഥാനം ഇന്ന് കല്ലില്‍ പിഷാരത്തിനാണ്. പിഷാരടിമാരുടെ പല ആചാരങ്ങള്‍ക്കും ജൈനമതവുമായി ബന്ധമുണ്ട്. ജൈനമതവിശ്വാസികള്‍ ഇപ്പോഴും ദൂരസ്ഥലങ്ങളില്‍ നിന്ന് ഇവിടെ ആരാധനയ്ക്കെത്താറുണ്ട്. 1965-ല്‍ സര്‍ക്കാര്‍ ഇത് ഒരു സംരക്ഷിത ചരിത്രസ്മാരകമായി പ്രഖ്യാപിച്ചു. ഈ കുന്നിന്‍മുകളില്‍ എന്നും തെളിനീര്‍ ലഭിക്കുന്ന ഒരു കിണര്‍ ഉള്ളത് ആശ്ചര്യകരമാണ്. വൃശ്ചികമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ കൊടിയേറി എട്ട് ദിവസം ഇവിടെ ഇത്സവം ആഘോഷിച്ചുവരുന്നു. ആശമന്നൂര്‍ ഭാഗത്ത് കഴുവേറ്റുംമോള്‍ എന്നാരു കുന്ന് സ്ഥിതി ചെയ്യുന്നു. ഒരു കാലത്ത് അനേകമാളുകളെ കൊല ചെയ്യുന്നതിനുപയോഗിച്ചിരുന്ന കൊലക്കല്ലുകളുടെ അവശിഷ്ടങ്ങള്‍ ഇന്നും ഇവിടെ കാണാവുന്നതാണ്. അശമന്നൂര്‍ പഞ്ചായത്തിന്റെ ആസ്ഥാനമായ ഓടക്കാലി എന്ന സ്ഥലനാമത്തിന്റെ ഉറവിടത്തെപ്പറ്റിയും വിവിധ കഥകളുണ്ട്. ഓടക്കല്‍ ആലി എന്നാരു മുസ്ളീമിന്റെ പേരിനോട് ബന്ധപ്പെടുത്തിയാണ് ഇന്നത്തെ ഓടക്കാലി എന്ന നാമം ഉണ്ടായത് എന്ന് പറയപ്പെടുന്നു. ഒരുകാലത്ത് ഈ പ്രദേശം കാട്ടുപുല്ലുകള്‍ കൊണ്ട് നിറഞ്ഞിരുന്നതായും കള്ളന്‍മാരുടേയും പിടിച്ചുപറിക്കാരുടേയും ആവാസകേന്ദ്രവുമായിരുന്നു എന്നതിന് തര്‍ക്കമില്ല. വിജനപ്രദേശമായിരുന്ന ഓടക്കാലിയിലെ ആദ്യ കച്ചവടക്കാരന്‍ ചുണ്ണാമ്പു മാത്രം വിറ്റിരുന്ന ഒരു മുസ്ളീമായിരുന്നു എന്ന് കാരണവന്‍മാര്‍ പറയുന്നു. സ്വാതന്ത്ര്യത്തിനുശേഷവും കേരളത്തില്‍ രൂപം കൊണ്ട മിക്ക പ്രസ്ഥാനങ്ങളുടെയും അലകള്‍ ഈ പഞ്ചായത്തിലും ദൃശ്യമായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കര്‍ഷകപ്രസ്ഥാനം ആയിരുന്നു. ജന്‍മിത്വത്തിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന സമരപോരാട്ടങ്ങളില്‍ ഈ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളേയും അണിനിരത്തി കൃഷിഭൂമി കര്‍ഷകന് എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനും കര്‍ഷക പ്രസ്ഥാനത്തിന് സാധിച്ചു. ഈ പ്രദേശത്തെ പഴമക്കാര്‍ അക്ഷരാഭ്യാസമുള്ളവരും ഉന്നത വീക്ഷണമുള്ളവരും ആയിരുന്നു. പഴയകാലം മുതല്‍ തന്നെ ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ വളരെ സഹവര്‍ത്തിത്തത്തോടെ ജീവിച്ചു വന്നിരുന്നു. അത് ഇപ്പോഴും അങ്ങനെതന്നെ തുടരുന്നു. കേരളത്തിന്റെ തനതായ ശാസ്ത്രീയ കലാരൂപമായ കഥകളിയുടെ ആചാര്യനും അക്ഷരശ്ളോകവിദഗ്ദനും, സംസ്കൃത പണ്ഡിതനും ജ്യോതിഷ പണ്ഡിതനുമായ ചന്ദ്രമന ശ്രീധരന്‍ നമ്പൂതിരിയും, കഥകളി വേഷത്തിന് 1994-ലെ കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡിന് അര്‍ഹനായ ദര്‍പ്പണഗോവിന്ദന്‍ നമ്പൂതിരിയും, ദേശീയതലത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ അറിയപ്പെടുന്ന യുവ സംഗീതജ്ഞനായ എം.കെ.ശങ്കരന്‍നമ്പൂതിരിയും ആ പഞ്ചായത്തിലെ പുന്നയം നിവാസികളാണ്.

മുടക്കുഴ 

ചരിത്രം

ചരിത്ര സാംസ്കാരിക പശ്ചാത്തലം

വേണാടിന്റെ ഭാഗമായിരുന്ന മുടക്കുഴയില്‍ പെരുമാക്കന്‍മാരുടെ കാലശേഷം രാജഭരണം തുടങ്ങിയപ്പോള്‍ ഈ പ്രദേശങ്ങളെല്ലാം വടവൂര്‍ രാജാവിന്റെ ആധിപത്യത്തിലായിരുന്നു. വടവൂര്‍ രാജവംശം അന്യം നിന്നുപോവുകയും പിന്നീട് ഈ ഭൂപ്രദേശം കൊച്ചി രാജ്യത്തിന് അവകാശപ്പെട്ടതാണെങ്കിലും കര്‍ത്താക്കന്‍മാര്‍ എന്നറിയപ്പെട്ടിരുന്ന നാട്ടുപ്രഭുക്കള്‍ ഈ പ്രദേശം കൊച്ചിരാജ്യത്തേക്ക് ചേര്‍ക്കാതെ സ്വയം ഭരിച്ചുകൊണ്ടിരുന്നു. ഒടുവില്‍ മാര്‍ത്താണ്ഡവര്‍മ്മ ഈ സ്വതന്ത്ര പ്രദേശങ്ങളെ തിരുവിതാംകൂറിനോട് ചേര്‍ത്തു. ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതിക്കും ജാതി നശീകരണത്തിനും വേണ്ടി ചെറായിയില്‍ ആരംഭിച്ച ഒരു മഹത്തായ പ്രസ്ഥാനമാണ് സഹോദരപ്രസ്ഥാനം .കേരളം രൂപീകരിച്ചതോടുകൂടി കേരള കര്‍ഷക സംഘം നിലവില്‍ വന്നു. 1956-ല്‍ ഷൊര്‍ണ്ണൂറിലും 1957-ല്‍ കാലടിയിലും 1959-ല്‍ പെരുന്തല്‍മണ്ണയിലും വെച്ച് കേരള കര്‍ഷക സംഘത്തിന്റെ ഒന്നും രണ്ടും മൂന്നും സമ്മേളനങ്ങള്‍ നടന്നു. ഈ ഗ്രാമത്തിലെ കൃഷി ഭൂമികളില്‍ മുന്തിയ പങ്കും കര്‍ത്താക്കന്‍മാരുടെയും ബ്രാഹ്മണരുടെയും കൈവശത്തിലായിരുന്നു. 1969-ല്‍ കേരളനിയമസഭ പാസ്സാക്കിയ ഭൂപരിഷ്ക്കരണ ബില്ല് 1970 ജനുവരി 1-ാം തീയതി നിയമമായി പ്രാബല്യത്തില്‍ വന്നതോടുകൂടി കേരളത്തില്‍ ജന്മി കുടിയാന്‍ സമ്പ്രദായം തകര്‍ന്നു വീണു. ആദ്യകാലങ്ങളില്‍ ഈ ഗ്രാമത്തില്‍ കുടിപള്ളിക്കൂടങ്ങളാണ് നിലവിലിരുന്നത്. വീടുകളില്‍ നടത്തിയിരുന്ന കുടിപ്പള്ളിക്കൂടങ്ങളില്‍ പഠിപ്പിച്ചിരുന്നവരെ നിലത്തെഴുത്താശാന്മാര്‍ എന്നു വിളിച്ചുപോന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി മുടക്കുഴ പഞ്ചായത്തില്‍ വിദ്യാലയങ്ങള്‍ ആരംഭിച്ചു. മുടക്കുഴ യു.പി.സ്ക്കൂള്‍ ആണ് ഇവിടുത്തെ ആദ്യത്തെ വിദ്യാലയം. ഇപ്പോള്‍ തുരുത്തി, തൃക്കേപ്പാറ, ചുണ്ടക്കുഴി എന്നിവിടങ്ങളില്‍ ജനവിദ്യാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. പ്രാചീന ഗോത്ര സംസ്കാരത്തിന്റെയും ആധുനിക സംസ്ക്കാരത്തിന്റെയും കെട്ടുപിണഞ്ഞ സാംസ്കാരിക അംശങ്ങള്‍ മുടക്കുഴ ഗ്രാമത്തിന്റെ മുഖമുദ്രയാണ്. വ്യത്യസ്ത മത വിഭാഗങ്ങള്‍ ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമയോടെ കഴിഞ്ഞുപോരുന്ന ഒരു പ്രദേശമാണിത്. ഹിന്ദു ക്രിസ്ത്യന്‍ മതമൈത്രിയുടെ പ്രതീകങ്ങളായി ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ ആരാധനാലയങ്ങളും നിലകൊള്ളുന്നു. ദ്രാവിഡ സംസ്കാരത്തിന്റെ ഊരും പെരുമയും വിളിച്ചോതുന്ന പരിചകളി, തുടികൊട്ടും, കുടകളി, വടിതല്ലല്‍, തുടങ്ങിയ പ്രാചീന കലാരൂപങ്ങള്‍ നിലനില്‍ക്കുന്നു. അനേകം കലാസമിതികളും സാംസ്കാരിക സംഘടനകളും 4 വായനശാലകളും ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. റ്റി.എം.ഐസക് സ്വാതന്ത്ര്യസമര മുഖങ്ങളില്‍ മുടക്കഴയുടെ പ്രാതിനിധ്യം വിളിച്ചോതിയ മഹത് വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായ് തുരുത്തിയില്‍ ഐസക് മൈതാനം നിലകൊള്ളുന്നു.

സ്ഥലനാമ ചരിത്രം

എ.ഡി-9ാം നൂറ്റാണ്ടില്‍ ഈ ഭാഗമെല്ലാം തമിഴകത്തിന്റെ ഭാഗമായിരുന്നു. കൊടും തമിഴായിരുന്നു ഇവിടുത്തെ സംസാര ഭാഷ. ആയതിനാല്‍ ഇവിടുത്തെ സ്ഥലനാമങ്ങളെല്ലാം തമിഴുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രാചീന തമിഴര്‍ ചേരം, ചോളം, പാണ്ഡ്യം എന്നീ 3 നാടുകള്‍ ഉള്‍പ്പെട്ടിരുന്ന തമിഴകത്തെ 4 തരം നിലങ്ങളായി തിരിച്ചിരുന്നു. കുറിച്ചി (മലപ്രദേശം), മുല്ല (വനപ്രദേശം), മരുതം (കാര്‍ഷികമേഖല), നെയ്തല്‍ (കടല്‍തീരം) എന്നിവയായിരുന്നു. അതുപോലെ തന്നെ ഭൂമിശാസ്ത്രപരമായ കിടപ്പനുസരിച്ച് സ്ഥലങ്ങളെ കുഴി, കുളം, കയം, കട്ടം, ചിറൈ, തടം എന്നിങ്ങനെ തിരിച്ചിരുന്നു. മുടക്കുഴ ഗ്രാമം പ്രാചീനകാലത്ത് നിബിഡവനമായിരുന്നുവെന്നതിനും ഇവിടം കാട്ടുമൃഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നുവെന്നതിനും മതിയായ തെളിവുകളുണ്ട്. അകനാടുള്ള കടുവള്ളച്ചാല്‍ എന്ന പ്രദേശത്ത് കടുവയുടെ ഗുഹ ഇപ്പോഴും കാണാന്‍ കഴിയും. വനപ്രദേശം എന്നര്‍ത്ഥം വരുന്ന തമിഴ് പദമായ മുല്ല പിന്നീട് ഇതേ അര്‍ത്ഥം വരുന്ന ഗ്രാമഭാഷയായ മുടിയായി പരിണമിച്ചു. കൂടാതെ മുടക്കുഴക്കു ചുറ്റുമുള്ള മലയാറ്റൂര്‍ മലനിരകളേക്കാള്‍ താഴ്ന്നപ്രദേശമായിരുന്നതിനാല്‍ താഴ്ന്ന പ്രദേശം എന്നര്‍ത്ഥം വരുന്ന കുളം (തമിഴ്പദം) മുടി എന്ന പദത്തോട് കൂട്ടിച്ചേര്‍ത്ത് മുടിക്കുളം എന്ന് ഈ പ്രദേശത്തെ വിളിച്ചിരുന്നിരിക്കണം. പില്‍ക്കാലത്ത് ഇതായിരിക്കാം മുടക്കുഴയായിപരിണമിച്ചത്. ജൈനന്‍മാര്‍ മുടക്കുഴ, അകനാട് എന്നീ പ്രദേശങ്ങളിലൂടെയാണ് പ്രസിദ്ധമായ കല്ലില്‍ക്ഷേത്രം, മലയാറ്റൂര്‍ കുരിശുംമുടി എന്നറിയപ്പെടുന്ന രണ്ട് ജൈനകേന്ദ്രങ്ങളിലേക്ക് സഞ്ചരിച്ചിരുന്നത്. ഈ വഴിയാണ് ഇന്നത്തെ കീഴില്ലം കുറിച്ചിലക്കോട് റോഡ് എന്ന പേരിലറിയപ്പെടുന്നത്. ഈ രണ്ട് ജൈമനമത ആരാധനാലയങ്ങളുടെ ഇടയ്ക്കുള്ള പ്രദേശം എന്ന നിലയ്ക്കായിരിക്കണം അകനാട് എന്ന സ്ഥലഗ്രാമമുണ്ടായത്. അതുപോലെ തന്നെ ഇന്ന് മുടക്കുഴ എന്നറിയപ്പെടുന്ന പ്രദേശങ്ങളില്‍ മുടക്കായ് എന്ന ഔഷധസസ്യം നിബിഡമായി വളര്‍ന്നിരുന്നു. അതിനാല്‍ ഈ പ്രദേശത്ത് മുടക്കുഴ എന്നഗ്രാമം ലഭിച്ചതെന്നും പഴമക്കാരുടെ മതം. മുടക്കുഴ എന്ന സ്ഥലനാമത്തിന് ചുണ്ടക്കുഴി എന്നും പറഞ്ഞിരുന്നതായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കേരള സ്ഥലനാമ കോശത്തില്‍ പറയുന്നു. എന്നാല്‍ ഇന്നു ചുണ്ടിക്കുഴി എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ വടക്കന്‍ താഴ്വരയില്‍ ആനച്ചുണ്ട എന്ന സസ്യം ധാരാളമുണ്ടായിരുന്നതായും അതുകൊണ്ടാണ് ഈ പ്രദേശത്തിന് ചുണ്ടക്കുഴി എന്ന് പേര്‍ ലഭിച്ചതെന്നും കാരണവന്‍മാര്‍ പറയുന്നു. മുടക്കുഴയുടെ തെക്കുഭാഗത്തുള്ള പെട്ടമല എന്ന ഉയര്‍ന്ന പ്രദേശത്തിന്റെ കിഴക്കുഭാഗം പ്രളയക്കാട് എന്നറിയപ്പെടുന്നു. ഇവിടെ വളരെപ്പഴക്കം ചെന്ന മൂന്നു ക്ഷേത്രങ്ങള്‍ കാണാന്‍ കഴിയും. ആനന്ദം വനത്തില്‍ കാവ് എന്നത് ലോപിച്ചാണ് ആനന്ദാനത്ത് കാവായി മാറിയത്. പ്രാകൃത ഗോത്ര സമുദായത്തില്‍ ദേവിയെ ആരാധിച്ചിരുന്നു. മനുഷ്യന്‍ നവീനശിലായുഗത്തിലേക്ക് പ്രവേശിക്കുകയും കൃഷിയില്‍ ആദ്യകാല്‍വെയ്പ്പ് നടത്തുകയും ചെയ്തപ്പോള്‍ ദേവിയുടെ പ്രാധാന്യം വര്‍ദ്ധിച്ചു. അടുത്തകാലത്ത് ഈ ക്ഷേത്രത്തിലെ സമീപ പ്രദേശത്തു നിന്നും യാദൃശ്ചികമായി കുഴിച്ചെടുക്കപ്പെട്ടിട്ടുള്ള അവശിഷ്ടങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ഈ ക്ഷേത്രം പുരാതന ഗോത്രവര്‍ഗ്ഗ കാലത്തോളം പഴക്കമുള്ളതാണെന്നാണ്. ഈ അവശിഷ്ടങ്ങള്‍ ഇപ്പോഴും ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ നാലാം വാര്‍ഡിലുള്ള കളരിക്കുടി എന്ന സ്ഥലത്ത് പഴയകാലങ്ങളില്‍ ആയുധാഭ്യാസം പരിശീലിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. കളരിത്തറയും ഇതുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങളും ഇപ്പോഴും ഇവിടെ കാണാന്‍ കഴിയും.

കാർഷിക വികസനം

കൃഷിയെയും ഗ്രാമീണ ഉപജീവന മാർഗങ്ങളെയും പിന്തുണയ്ക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾ.

വിദ്യാഭ്യാസം

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും പിന്തുണ.

ആരോഗ്യപരിപാലനം

ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള ആരോഗ്യ-ചികിത്സാ പ്രവർത്തനങ്ങൾ.

സാമൂഹ്യക്ഷേമം

സ്ത്രീകൾ, ദുർബല വിഭാഗങ്ങൾ, മറ്റ് സാമൂഹിക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികൾ.

സാമൂഹിക, സാംസ്കാരിക, പ്രാദേശിക ചരിത്രം
ഒക്കൽ ഗ്രാമപഞ്ചായത്ത്
പെരിയാർ നദി പ്രദേശത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 

പ്രദേശത്തിന് സമ്പന്നമായ കാർഷിക പാരമ്പര്യമുണ്ട്. നെല്ല്, റബ്ബർ, ഇഞ്ചി, തെങ്ങ്, വാഴ, കപ്പ തുടങ്ങിയവ പ്രധാനപ്പെട്ട വിളകളാണ്. 

ക്ഷേത്രങ്ങൾ, പള്ളികൾ, പരമ്പരാഗത ഉത്സവങ്ങൾ, തനത് കലാരൂപങ്ങൾ എന്നിവ ഒക്കലിന്റെ സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ ഭാഗമാണ്.
കൂവപ്പടി ഗ്രാമപഞ്ചായത്ത്
കുന്നുകൾ, ചരിവുകൾ, സമതല പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രത്യേക ഭൂപ്രകൃതിയാണ് കൂവപ്പടിക്കുള്ളത്. 

ചരിത്രപരമായി കാർഷിക മേഖലയ്ക്ക് ഇവിടെ പ്രധാന സ്ഥാനമുണ്ട്. നെല്ലും വിവിധ തോട്ടവിളകളും ഇവിടെ കൃഷി ചെയ്തിരുന്നു. 

ക്ഷേത്രങ്ങൾ, പരമ്പരാഗത കലകൾ, ഗ്രന്ഥശാലകൾ, സാംസ്കാരിക സംഘടനകൾ, വിവിധ ജനകീയ പ്രവർത്തനങ്ങൾ എന്നിവ പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്നു.
വേങ്ങൂർ ഗ്രാമപഞ്ചായത്ത്
ചരിത്രപരമായി വിപുലമായ വനപ്രദേശങ്ങളുമായി ബന്ധപ്പെട്ടിരുന്ന വേങ്ങൂർ പിന്നീട് കാർഷിക അധിവാസ പ്രദേശങ്ങളായി വികസിച്ചു. 

നെൽകൃഷിയും മറ്റ് കാർഷിക പ്രവർത്തനങ്ങളും പ്രദേശത്തിന്റെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ പ്രധാന പങ്കുവഹിച്ചു. 

ഭൂസുധാരണകളും വിദ്യാഭ്യാസ വികസനവും ഉൾപ്പെടെയുള്ള സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾ പ്രദേശത്ത് ശ്രദ്ധേയമായ സ്വാധീനം ചെലുത്തി.
രായമംഗലം ഗ്രാമപഞ്ചായത്ത്
പെരിയാർ, മൂവാറ്റുപുഴ നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് രായമംഗലം. 

ചരിത്രപരമായി കാർഷിക മേഖലയെ ആശ്രയിച്ചിരുന്ന പ്രദേശമാണിത്. നെൽകൃഷി, തെങ്ങ്, റബ്ബർ തുടങ്ങിയവയ്ക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു. 

വിദ്യാഭ്യാസ വികസനത്തിനും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിലെ പങ്കാളിത്തത്തിനും പ്രദേശത്തിന് ദീർഘമായ സാമൂഹികവും സാംസ്കാരികവുമായ ചരിത്രമുണ്ട്.
അശമന്നൂർ ഗ്രാമപഞ്ചായത്ത്
കേരളത്തിലെ പഴയ പ്രാദേശിക രാജവംശങ്ങളുമായി അശമന്നൂരിന് ദീർഘമായ ചരിത്രബന്ധമുണ്ട്. 

കല്ലിൽ ക്ഷേത്രം ഉൾപ്പെടെയുള്ള ചരിത്രപരവും സാംസ്കാരികവുമായ നിരവധി പൈതൃക കേന്ദ്രങ്ങൾ പ്രദേശത്തുണ്ട്. 

കാർഷിക പ്രസ്ഥാനങ്ങൾ, സാമൂഹിക മാറ്റങ്ങൾ, വിദ്യാഭ്യാസം, സാംസ്കാരിക വളർച്ച എന്നിവയുമായും പ്രദേശത്തിന് ബന്ധമുണ്ട്.
മുടക്കുഴ ഗ്രാമപഞ്ചായത്ത്
പുരാതന ഗോത്ര പാരമ്പര്യങ്ങളുടെയും ആധുനിക സാംസ്കാരിക ഘടകങ്ങളുടെയും സംയോജനം കാണുന്ന പ്രത്യേക സാംസ്കാരിക പൈതൃകമാണ് മുടക്കുഴയ്ക്കുള്ളത്. 

ക്ഷേത്രങ്ങൾ, പരമ്പരാഗത കലാരൂപങ്ങൾ, സാംസ്കാരിക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രദേശത്തിന്റെ പ്രധാന സവിശേഷതകളാണ്. 

പ്രാചീന തമിഴ് ഭൂമിശാസ്ത്ര പദപ്രയോഗങ്ങളുടെയും പ്രാദേശിക പാരമ്പര്യങ്ങളുടെയും സ്വാധീനം സ്ഥലനാമ ചരിത്രത്തിലും കാണാം.
ചരിത്ര വികാസം

പുരാതന പൈതൃകം

വിവിധ ചരിത്ര കാലഘട്ടങ്ങളിലൂടെ നിലനിന്നുവന്ന പാരമ്പര്യങ്ങൾ, ക്ഷേത്രങ്ങൾ, സാംസ്കാരിക ആചാരങ്ങൾ, സ്ഥലനാമ ചരിത്രങ്ങൾ എന്നിവ ഈ പ്രദേശത്തിന്റെ പൈതൃകത്തിന്റെ ഭാഗമാണ്.

കാർഷിക വികസനം

നെൽകൃഷി, തെങ്ങ്, റബ്ബർ, ഇഞ്ചി തുടങ്ങിയ വിവിധ കാർഷിക വിളകൾ ചരിത്രപരമായി ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകങ്ങളായിരുന്നു.

സാമൂഹിക പരിവർത്തനം

സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ, കാർഷിക പ്രസ്ഥാനങ്ങൾ, ഭൂസുധാരണകൾ തുടങ്ങിയവ ഗ്രാമീണ സമൂഹത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്ക് കാരണമായി.

വിദ്യാഭ്യാസവും സാംസ്കാരിക വളർച്ചയും

വിദ്യാലയങ്ങൾ, ഗ്രന്ഥശാലകൾ, സാംസ്കാരിക സംഘടനകൾ, വിവിധ ജനകീയ പ്രവർത്തനങ്ങൾ എന്നിവ പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക വളർച്ചയ്ക്ക് സഹായകമായി.

kbp